സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

06:12 PM Sep 10, 2025 | വെബ് ടീം

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തു വയസുകാരിക്കും രാമനാട്ടുകരയിലെ 30 കാരിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.11 പേരാണ് നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം വണ്ടൂർ സ്വദേശിനി ശോഭന രോഗം ബാധിച്ച് മരിച്ചിരുന്നു.

അതേ സമയം തിരുവനന്തപുരത്ത്  മുരുക്കുംപുഴ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് നേരത്തെ ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ വലിയൊരു വിപത്താകും ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകളുടെ ഏകോപനം പൂർണമാകാത്തതിനാൽ പൊതു കിണറുകളും ജലാശയങ്ങളും ഇപ്പോഴും മലിനമായി തുടരുകയാണ്.