+

'2018 ലെ പ്രളയം മനുഷ്യനിർമിതം'; ആരോപണവുമായി മാത്യു കുഴൽനാടൻ

2018-ലെ മഹാപ്രളയത്തിന് കാരണം അന്നത്തെ സർക്കാരിന്റെ ബോധപൂർവ്വമായ വീഴ്ചയാണെന്ന ഗുരുതര ആരോപണവുമായി മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ രംഗത്തെത്തി. സ്വകാര്യ കമ്പനിക്ക് വൻ ലാഭമുണ്ടാക്കി നൽകാൻ മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കുഴൽനാടന്റെ ആരോപണം.

കരിമണൽ ലോബിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെളിവായി നിലവിലെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു ശബ്ദരേഖയും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽതിട്ട നീക്കുന്ന കരാർ ഏറ്റെടുത്ത മേരിമാതാ കൺസ്ട്രക്ഷന് വേണ്ടിയാണ് സ്പിൽവേ തുറക്കാതിരുന്നതെന്ന് ശബ്ദരേഖയിൽ പറയുന്നു.


ക്യൂബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഇത് പുറത്ത് വിൽക്കുമ്പോൾ 2000 രൂപയോളം ലഭിക്കുമെന്നും ഇത്തരത്തിൽ ഏകദേശം 300 കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നതെന്നും ശബ്ദരേഖയിൽ ആരോപിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്പിൽവേ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നിരാകരിക്കുകയായിരുന്നുവെന്നും ഇത് കരിമണൽ ലോബിയെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.


സംസ്ഥാനം വലിയൊരു ദുരന്തത്തെ നേരിടുമ്പോഴും ചില സ്വകാര്യ വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകിയതെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ശക്തമായ ആയുധമായി ഈ ആരോപണത്തെ ഉയർത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്

facebook twitter