എ. രാജയ്ക്ക് എംഎല്‍എയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

11:17 AM May 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എ എ രാജയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംവരണത്തിന് രാജയ്ക്ക് എല്ലാ അര്‍ഹതയും ഉണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎല്‍എ നല്‍കിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്കിയ രേഖ കോടതി അംഗീകരിച്ചു. എംഎല്‍എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീം കോടതി ഉത്തരവിട്ടു. 

സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാര്‍ച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. കുടിയേറുന്ന കാലത്തുതന്നെ വസ്തുവകകള്‍ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കില്‍ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. 

More News :

തമിഴ്നാട്ടില്‍നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയര്‍ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചത്. തന്റെ പൂര്‍വ്വികര്‍ കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നുമായിരുന്നു എ രാജയുടെ വാദം. സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.


.