+

പൊതുവേദിയില്‍ നടന്‍ മോശമായി സ്പര്‍ശിച്ചു; വീഡിയോ പ്രചരിച്ചു; ഇന്‍ഡസ്ട്രിയിലേക്ക് ഇനിയില്ലെന്ന് നടി

ലഖ്‌നൗവിൽ ഭോജ്പുരി നടന്‍ മോശമായി സ്പര്‍ശിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ ഭോജ്പുരി ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് നടി. അടുത്തിടെ പുറത്തിറങ്ങിയ 'സയ്യ സേവ കരേ' എന്ന ഗാനത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു നടൻ പവൻ സിങ് മ്യൂസിക് വിഡിയോകളിലൂടെ പ്രശസ്തയായ നടി അഞ്ജലി രാഘവിന്‍റെ അരക്കെട്ടില്‍ സ്പര്‍ശിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പവന്‍ സിങിന് നേരെ ഉയരുന്നത്. പിന്നാലെയാണ് നടി അ‍ഞ്ജലി സംഭവത്തില്‍ പ്രതികരണവുമായി എത്തിയത്.

പവൻ സിങിന്‍റെ പ്രവൃത്തിയെ അപലപിച്ച അഞ്ജലി, ഇനി താന്‍ ഭോജ്പുരി ചലച്ചിത്രങ്ങളില്‍  ജോലി ചെയ്യില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വിഡിയോ പ്രചരിക്കുന്നതില്‍ വളരെ ദുഃഖിതയാണെന്നും എന്തുകൊണ്ട് വേദിയില്‍ തന്നെ പ്രതികരിച്ചില്ല എന്ന തരത്തില്‍ നിരന്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും നടി പറഞ്ഞു. പ്രചരിക്കുന്ന വിഡിയോയില്‍ അഞ്ജലിയുടെ വസ്ത്രത്തില്‍ നിന്നും എന്തോ നീക്കം ചെയ്യാനെന്ന വ്യാജേന പവൻ സിങ് അഞ്ജലിയെ തൊടുന്നതും നടി അസ്വസ്ഥയാകുന്നതും വ്യക്തമാണ്. പ്രതികരിക്കാത്തത് നടിയുടെ സമ്മതമായി  കണക്കാക്കി  ഇന്‍റര്‍നെറ്റില്‍ നടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് അഞ്ജലി തന്നെ രംഗത്തെത്തുകയും ചെയ്തു. ‘രണ്ട് ദിവസമായി വിഷമത്തിലാണ്. ഞാൻ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ല, എന്തുകൊണ്ട് പ്രതികരിച്ചില്ല, എന്തുകൊണ്ട് അയാളെ തല്ലിയില്ല, എന്നൊല്ലാം ചോദിച്ച് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ചിലർ എന്നെ കുറ്റപ്പെടുത്തുന്നു, അവൾ പുഞ്ചിരിക്കുകയായിരുന്നു, അത് ആസ്വദിച്ചു എന്നെല്ലാം പറയുന്നു, എന്‍റെ സമ്മതമില്ലാതെ ആരെങ്കിലും എന്നെ പരസ്യമായി സ്പർശിച്ചാൽ ഞാൻ സന്തോഷിക്കുമോ അതോ ആസ്വദിക്കുമോ? നടി ചോദിക്കുന്നു.

‘വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പവന്‍ സിങ് ശരീരത്തില്‍ സ്പര്‍ശിച്ചത്. എന്‍റെ സാരി പുതിയതായിരുന്നു. അതിന്‍റെ ടാഗ് മാറ്റാന്‍ മറന്നുപോയതാകാം പവന്‍ അത് മാറ്റുന്നതാകാം അല്ലെങ്കില്‍ വസ്ത്രം നേരെയാക്കുന്നതാകാം എന്നാണ് കരുതിയത്. അതുകൊണ്ടു തന്നെ അത് ചിരിച്ചുതള്ളി. പുഞ്ചിരിച്ചുകൊണ്ട് സദസ്സിനോട് സംസാരിക്കുന്നത് തുടർന്നു. പവന്‍ പിന്നെയും പ്രവൃത്തി ആവര്‍ത്തിച്ചപ്പോള്‍ എന്റെ ടീമംഗത്തോട് വസ്ത്രത്തില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അവര്‍‌ ഒന്നുമില്ലെന്ന് പറഞ്ഞു. എനിക്ക് ദേഷ്യവും വിഷമവും വന്നു, കരഞ്ഞു. പക്ഷേ ആ നിമിഷം, എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു’ അഞ്ജലി പറഞ്ഞു. എന്നാല്‍ ഉടൻ തന്നെ പവൻ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പിറ്റേന്നാണ് സംഭവം ഇത്രത്തോളം വിവാദമായത് എന്ന് മനസിലായതെന്നും അ‍ഞ്ജലി പറഞ്ഞു. പവന്‍റെ പിആർ ടീം വളരെ ശക്തരാണ്. അവര്‍ ഈ സംഭവം തനിക്കെതിരെയാക്കി വളച്ചൊടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിക്കരുതെന്ന് മറ്റുള്ളവർ തന്നോട് ഉപദേശിച്ചതായി അഞ്ജലി പറയുന്നുണ്ട്.‘ഒരു പെൺകുട്ടിയെയും അവളുടെ അനുവാദമില്ലാതെ തൊടുന്നതിനെ ഞാൻ ഒരിക്കലും പിന്തുണയ്ക്കില്ല. അത് തെറ്റാണ്. വളരെ വലിയ തെറ്റ്. ഹരിയാനയില്‍ എന്‍റെ സ്വന്തം നാട്ടിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ അവിടെ എനിക്ക് പ്രതികരിക്കേണ്ടി വരില്ലായിരുന്നു. അവിടത്തെ പൊതുജനങ്ങൾ തന്നെ പ്രതികരിക്കുമായിരുന്നു. പക്ഷേ ഞാൻ ലഖ്‌നൗവിലായിരുന്നു’. അഞ്ജലി പറഞ്ഞു. ഇനി താന്‍‌ ഭോജ്പുരി ഇൻഡസ്ട്രിയിൽ ജോലി ചെയ്യില്ലെന്നും അഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്.


More News :
facebook twitter