സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

05:47 PM Feb 26, 2026 | വെബ് ടീം

ബെംഗളൂരുവിൽ സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കന്നഡ നടി ഉൾപ്പെടെ 11 പേർ പിടിയിൽ. ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനാണ് മർദനമേറ്റത്. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച ഐശ്വര്യ എന്ന നടി ഉൾപ്പെടെ 11 പേരാണ് പിടിയിലായത്.

ത്മിഴ്നാട് സ്വദേശിയായ സംവിധായകൻ അനീഷിനെയാണ് നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചത്. അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ പക്കൽ നിന്ന് വാങ്ങിയ രണ്ടര ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് കാട്ടി ആശീർവാദിനെതിരെ അനീഷ് തമിഴ്നാട് പൊലീസിന് പരാതി നൽകിയിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് ആശീർവാദിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിച്ചതെന്ന് കാട്ടി അനീഷ് ആടുഗോഡി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കേസെടുത്ത പൊലീസ് നടി ഐശ്വര്യ ഉൾപ്പെടെ 11 പ്രതികളെയും അറസ്റ്റ് ചെയ്തു.