അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപവാദ നോട്ടീസ് പ്രചരിപ്പിച്ച നാല് സിപിഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലായി. സി.വി. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആക്ഷേപിച്ച് തയ്യാറാക്കിയ വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. അടൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് പേരെയും ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിലായ മൂന്ന് പേരെ പൊലീസ് വിട്ടയച്ചു. പൊലീസിന്റെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സി.വി. ശാന്തകുമാർ പ്രതികരിച്ചു. തന്റെ പേരിൽ ഒരു ക്രിമിനൽ കേസ് പോലും ഇല്ലെന്നും രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഹീനമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. താൻ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയല്ലെന്നും മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപവാദ പ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.