എയര്‍ ഇന്ത്യയുടെ വര്‍ധിപ്പിച്ച ഇന്ധന സര്‍ചാര്‍ജ്ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

11:56 AM Apr 10, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

എയർ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾക്ക് വർദ്ധിപ്പിച്ച ഇന്ധന സർചാർജ് ഇന്ന് മുതൽ നിലവിൽ വന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർദ്ധനവുണ്ടാകും. ആഭ്യന്തര സർവീസുകൾക്ക് ദൂരത്തിനനുസരിച്ച് 299 രൂപ മുതൽ 899 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര സർവീസുകളിൽ ഇത് 25,000 രൂപ വരെയാകാം.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ (ATF) വർദ്ധനവിനെ തുടർന്നാണ് എയർ ഇന്ത്യ സർചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര സർവീസുകളെ അപേക്ഷിച്ച് രാജ്യാന്തര സർവീസുകൾക്കാണ് വലിയ നിരക്ക് വർദ്ധനവ് നേരിടേണ്ടി വരുന്നത്.


ഇന്ധന സർചാർജ് വർദ്ധനവ് നേരിട്ട് ടിക്കറ്റ് നിരക്കുകളെ ബാധിക്കുന്നതിനാൽ യാത്രക്കാർക്ക് ഇന്നു മുതൽ വലിയൊരു തുക അധികമായി നൽകേണ്ടി വരും. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യോമയാന മേഖലയിലുള്ളവർ നൽകുന്ന സൂചന.