ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതി; ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

09:06 AM May 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സമൂഹമാധ്യമം വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ ഉള്ളടക്കം രാജ്യവിരുദ്ധമാണെന്നുള്ള പരാതിയിലാണ് നടപടി.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയിട്ടില്ലെന്നും ഇന്ത്യയിലെ ഭരണാധികരികളും സേനയും ആത്മാഭിമാനം ഇല്ലാത്തവരാണെന്നും അഖില്‍ മാരാര്‍ വീഡിയോയില്‍ വിമര്‍ശിച്ചെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് സര്‍ക്കാരിനോട് വൈരാഗ്യവും വിദ്യേഷവും തോന്നിപ്പിക്കുന്നതിന് ഇടയാക്കിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.