തദ്ദേശഭരണ തെരഞ്ഞെടുപ്പ്; അമിത്ഷാ വീണ്ടും കേരളത്തിലേക്ക്

10:22 AM Aug 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും കേരളത്തിലെത്തുന്നു. 'മിഷൻ 2025' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. കൊച്ചിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ അദ്ദേഹം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് നേടുകയെന്നതാണ് 'മിഷൻ 2025' ലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിച്ചാൽ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കാനാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഓരോ ജില്ലയുടെയും ചുമതല പ്രഭാരിമാർക്ക് നൽകിയിട്ടുണ്ട്.


കൊച്ചിയിൽ എത്തുന്ന അമിത് ഷാ, ബിജെപി ജില്ലാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുൻ അധ്യക്ഷന്മാർ എന്നിവരുമായി ചർച്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും യോഗത്തിൽ വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്ന കേന്ദ്ര നിർദ്ദേശവും യോഗത്തിൽ ചർച്ചയാകും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരു കാരണവശാലും ചോർന്നുപോകരുതെന്ന് കീഴ്ഘടകങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.