+

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി

ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) യുടെ മരണത്തിലാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ചവറ തെക്കുംഭാഗം പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും ആരോപിച്ച് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് തെളിവായി, സതീഷ് അതുല്യയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും കുടുംബം പൊലീസിന് കൈമാറി.

സതീഷ് കസേരയെടുത്ത് അടിക്കാൻ ഓങ്ങുന്നതും, കത്തിയുമായി ഭീഷണിപ്പെടുത്തുന്നതും, അതുല്യയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ തെളിവുകൾ അതുല്യ തന്നെ ബന്ധുക്കൾക്ക് മുൻപ് അയച്ചു നൽകിയിരുന്നു. നിരന്തരം മദ്യപിച്ചെത്തുന്ന സതീഷ്, അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും വീട്ടിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു.11 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 

facebook twitter