+

തണ്ണിമത്തനും ബിരിയാണിയും അല്ല കാരണം, മുംബൈ കുടുംബത്തിന്റെ മരണത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്

മുംബൈയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണത്തിന് കാരണം എലിവിഷമാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി.  ഇവരുടെ  ആന്തരികാവയവങ്ങളിലും, ഗുരുതരാവസ്ഥയിലാകുന്നതിന് തൊട്ടുമുമ്പ് കുടുംബം കഴിച്ച തണ്ണിമത്തനിലും ഉദ്യോഗസ്ഥർ ഈ പദാർത്ഥം കണ്ടെത്തി.ഏപ്രിൽ 26 ന് നടന്ന അബ്ദുൾ ദോകാഡിയ (44), ഭാര്യ നസ്രീൻ (35), പെൺമക്കളായ ആയിഷ (16), സൈനബ് (13) എന്നിവരുടെ മരണത്തിൽ അന്വേഷണം തുടരുന്ന മുംബൈ പോലീസിന് എഫ്‌എസ്‌എൽ റിപ്പോർട്ട് സമർപ്പിച്ചു.എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ സിങ്ക് ഫോസ്ഫൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.പൈഡോണി പ്രദേശത്തെ ഘരി മൊഹല്ലയിൽ താമസിക്കുന്ന ദൊകാഡിയ കുടുംബം ഏപ്രിൽ 25 ന് രാത്രിയിൽ ഒരു കുടുംബസംഗമം നടത്തിയിരുന്നു. വിരുന്നിനെത്തിയവർ പോയ ശേഷം പുലർച്ചെ ഒരു മണിയോടെ തണ്ണിമത്തൻ കഴിക്കുന്നതിനുമുമ്പ് ചിക്കൻ ബിരിയാണി ഉൾപ്പെടെയുള്ള അത്താഴം വന്നവർക്കൊപ്പം കഴിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാകുകയും ചെയ്തു.

ഡോകട്ർ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കുട്ടികളുൾപ്പെടെയുള്ളവരുടെ  നില വഷളായതിനെത്തുടർന്ന് കുടുംബത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മകൾ ആശുപത്രിയിൽ എത്തും  മുമ്പ് മരിച്ചു. ബാക്കിയുള്ള മൂന്ന് പേർ മുംബൈയിലെ സർക്കാർ നടത്തുന്ന ജെജെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.പൊലീസ് ചിക്കൻ ബിരിയാണി, തണ്ണിമത്തൻ, വെള്ളം, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവയുൾപ്പെടെ കുടുംബത്തിന്റെ അവസാന ഭക്ഷണത്തിന്റെ സാമ്പിളുകൾ വീട്ടിൽ നിന്ന് ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.മരണകാരണം തണ്ണിമത്തൻ അല്ലെന്നും അതിൽ കണ്ടെത്തിയ വിഷ രാസവസ്തുവാണെന്നും അധികൃതർ വ്യക്തമാക്കി. കുടുംബം കഴിക്കുന്ന ഭക്ഷണത്തിൽ സിങ്ക് ഫോസ്ഫൈഡ് എങ്ങനെയാണ് പ്രവേശിച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണ്.


facebook twitter