നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രി വൈകി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായത്. തർക്കം നിലനിന്നിരുന്ന മണ്ഡലങ്ങളിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്.
മുതിർന്ന നേതാവ് എം.ടി രമേഷ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം. തെരഞ്ഞെടുപ്പ് കാലത്തെ പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ ചുമതലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. മത്സരിക്കാനില്ലെന്ന തന്റെ താൽപ്പര്യം അദ്ദേഹം നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം, കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ രണ്ടാം ഘട്ട പട്ടികയിൽ ഇടംപിടിക്കും. കുമ്മനം രാജശേഖരൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ജനവിധി തേടാനാണ് സാധ്യത. എൻഡിഎയിലെ സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായിട്ടുണ്ട്. ഘടകകക്ഷിയായ ബിഡിജെഎസ് 24 സീറ്റുകളിലും 20-20 പാർട്ടി 20 സീറ്റുകളിലും മത്സരിക്കും. ബിജെപി നേതാക്കൾക്കിടയിൽ ചർച്ചയായിരുന്ന ആറന്മുള സീറ്റ് ഇത്തവണ ബിഡിജെഎസിന് നൽകാനും യോഗത്തിൽ തീരുമാനമായി. പട്ടിക ഇന്ന് രാവിലെ പത്ത് മണിയോടെ ഔദ്യോഗികമായി പുറത്തിറക്കും.