നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽകുമാറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടാതെ കഴിഞ്ഞ മാസം ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി അത് സംബന്ധിച്ച വിവാദ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമത്തിന് വിരുദ്ധമായി എടുത്ത തീരുമാനം റദ്ദാക്കണമെന്ന് വനം വകുപ്പ് ആ സമയത്ത് തന്നെ ശുപാർശ ചെയ്തിരുന്നു. ഇതിൽ തീരുമാനം വനംമന്ത്രി മുഖ്യമന്ത്രിക്ക് വിടുകയും ചെയ്തു.
അതിനു പിന്നാലെയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് നേരത്തെ നൽകിയിരുന്ന 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' പദവി സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വനം വകുപ്പ് നൽകിയ അധികാരം നിയമവിരുദ്ധമായി ഇടപെടുന്നവരിൽ നിന്നും തിരിച്ചെടുക്കാൻ വകുപ്പിന് അവകാശമുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 ഉപ സെക്ഷൻ 2 പ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകാൻ മാത്രമാണ് തദ്ദേശ മേധാവികൾക്ക് സാധിക്കുക. എന്നാൽ എല്ലാ വന്യമൃഗങ്ങളെയും വെടിവെക്കും എന്നായിരുന്നു ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് ഭരണസമിതി അന്ന് തീരുമാനമെടുത്തിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കിയ സർക്കാർ ആ പദവി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ സമീപനം സ്വേച്ഛാധിപത്യപരമാണെന്നാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽകുമാറിന്റെ നിലപാട്.