9 വർഷത്തിൽ കേരളത്തിൽ അഭിമാന നേട്ടങ്ങൾ’;അസാധ്യമായതെല്ലാം സാധ്യമാക്കി; കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം; വസ്തുതയുടെ കണിക പോലുമില്ല; സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി ..

07:08 PM May 23, 2025 | വെബ് ടീം

തിരുവനന്തപുരം:ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തില്‍ അഭിമാനമകരമായ നേട്ടങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കടക്കെണിയിലാണെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണെന്നും ഇതില്‍ വസ്തുതയുടെ കണിക പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ധനകാര്യ മാനേജ്‌മെന്റിന് കുഴപ്പമുണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ്.  റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍, മറിച്ചാണ് പ്രചാരണം. അനുപാതം ഇനിയും കുറയും. ചിട്ടയായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ തിരുവനന്തപുരം ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016ൽ യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ സംഭവിച്ചിരിക്കുക എന്തെന്ന് വിശദീകരിച്ചുകൊണ്ടാണ് മുഖമന്ത്രി എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

ആരോ​ഗ്യം, വിദ്യാഭ്യാസം, പൊതുവികസനം എന്നിങ്ങനെ സകല മേഖലകളേയും സ്പർശിച്ചായിരുന്നു പിണറായിയുടെ പ്രസം​ഗം. ഐടി രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ഇടമായി കേരളം മാറി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തിലാണ്. 200 കോടി ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും. കൂടാതെ നിക്ഷേപവും സംരംഭങ്ങളും വര്‍ധിക്കുകയാണ്. രണ്ടോ മൂന്നോ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടെങ്കില്‍ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും എയര്‍ബസും കേരളത്തിലേക്കു വരുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ മേഖല തകരുമെന്ന് ആശങ്കയുള്ള കാലമുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് LDF അധികാരത്തില്‍ വന്നത്. LDF സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യജ്ഞം രൂപീകരിച്ചു. ഇന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്താണ് കേരളം.വിദ്യാഭ്യാസ മേഖലയില്‍ 5000 കോടിയോളം രൂപ ചെലവഴിച്ചു. 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു പോയിടത്ത് 10 ലക്ഷം കുട്ടികള്‍ വന്നു.

2016 ല്‍ ആരോഗ്യ രംഗത്തിന് വലിയ തകര്‍ച്ചയുണ്ടായിരുന്നു. ആവശ്യമായ മരുന്നുകള്‍ ഇല്ലാത്ത അവസ്ഥ.ആവശ്യമായ സ്റ്റാഫ് ഇല്ലാത്ത അവസ്ഥ. LDF ആ കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ആശുപത്രികളെ മാറ്റി.കോവിഡിനെ കേരളം ധൈര്യത്തോടെ നേരിട്ടു.കേരളം ഒരുക്കിയ ആരോഗ്യ സജ്ജീകരണങ്ങള്‍ മികച്ചുനിന്നു.

More News :

ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകാന്‍ കാരണം ഇടത്സര്‍ക്കാരാണ്.ദേശീയപാതാ തകര്‍ച്ച സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. അത് പരിഹാസ്യകരമായ കാര്യം.സാങ്കേതിക തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം  നാഷണല്‍ ഹൈവേ തന്നെ നടത്തും.നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ല.തടസ്സപ്പെടുമെന്ന് ചിന്തിക്കുന്നവരുടെ മനപ്പായസം യാഥാര്‍ത്ഥ്യമാകില്ല.നടക്കില്ല എന്ന് കരുതിയ പദ്ധതികള്‍ നടപ്പിലാക്കി.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ചൊല്ല് അന്വര്‍ത്ഥമായി.കിഫ്ബി വഴി 62,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യം ഒരുക്കി. 90,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഏറ്റെടുക്കാനായി.കിഫ്ബിയെ തകര്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു.പ്രകടനപത്രികക്ക് പുറത്ത് പുതിയ കാര്യങ്ങള്‍ നടപ്പാക്കേണ്ടി വന്നു.ഒരുപാട് ദുരന്തങ്ങള്‍ കേരളം ഏറ്റുവാങ്ങേണ്ടി വന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സഹായം ലഭിച്ചില്ല.പ്രളയകാലത്ത് നമ്മള്‍ സഹായം പ്രതീക്ഷിച്ചു, ലഭിച്ചില്ലസഹായിക്കാന്‍ ചില ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നു.സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.ആ കേന്ദ്രസര്‍ക്കാറിന് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ദുരന്തമുണ്ടായത് നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ രാജ്യത്തിന് പുറത്ത് നിന്നും ഗുജറാത്തിന് സഹായം എത്തി.നരേന്ദ്ര മോദി ആ സഹായം സ്വീകരിച്ച് നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുത്ത വ്യക്തി.അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ നമ്മളോട് സഹായമില്ലെന്ന നിലപാട് സ്വീകരിച്ചു.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദുരന്തമുഖത്ത് സഹായം നല്‍കി.ഇതൊക്കെ കേരളത്തോട്  BJPക്കുള്ള വിപ്രവര്‍ത്തിയുടെ ഭാഗം. UDF കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.