സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർക്കശ നിലപാടിലായിരുന്നു എഐസിസി നേതൃത്വം. എന്നാൽ, താൻ കണ്ണൂരിൽ തന്നെ മത്സരിക്കുമെന്നും അല്ലാത്തപക്ഷം സ്വതന്ത്രനായി ജനവിധി തേടുമെന്നുമുള്ള നിലപാടിൽ സുധാകരൻ ഉറച്ചുനിന്നു. ഇതിനിടെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ.കെ. ആൻ്റണിയും നടത്തിയ അനുനയ നീക്കങ്ങളാണ് ഹൈക്കമാൻഡിനെ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചത്. എ.കെ. ആൻ്റണി നേരിട്ട് കെ. സുധാകരനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും ധരിപ്പിക്കുകയും ചെയ്തു.
സ്ഥാനാർത്ഥി പട്ടികയിൽ സുധാകരൻ്റെ പേര് ഒഴിവാക്കപ്പെടുമെന്ന സൂചന വന്നതോടെ കണ്ണൂരിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുകൂലികൾ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി. സുധാകരനെപ്പോലൊരു മുതിർന്ന നേതാവിനെ പിണക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് സംസ്ഥാന നേതൃത്വവും വിലയിരുത്തി.
സുധാകരന് ഇളവ് നൽകിയെങ്കിലും കോന്നിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച അടൂർ പ്രകാശിൻ്റെ കാര്യത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനം മറ്റുള്ളവരുടെ കാര്യത്തിൽ കർശനമായി തുടരും. സുധാകരൻ്റെ കാര്യത്തിൽ മാത്രം പ്രത്യേക ഇളവ് നൽകാനാണ് നിലവിലെ ധാരണ.
സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമായിരിക്കുകയാണ്.