ശക്തമായ മഴയെത്തുടർന്ന് ഡൽഹിയിലെ പ്രധാന റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലായി. ഇതോടെ നഗരത്തിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 300-ഓളം വിമാന സർവീസുകൾ വൈകിയതായി അധികൃതർ അറിയിച്ചു. നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
തുടർച്ചയായ മഴയിൽ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അപകട നിലയും മറികടന്നതോടെ നദിയുടെ ഇരുകരകളിലുമുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഹരിനഗറിലെ ചേരിപ്രദേശത്ത് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച വീടിന് മുകളിലേക്കാണ് മതിൽ പതിച്ചത്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വരും ദിവസങ്ങളിലും ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നഗരത്തിലെ മിക്ക ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വെള്ളക്കെട്ടിന് കാരണം ബിജെപി സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് എഎപി നേതാവ് അതിഷി ആരോപിച്ചു.