+

10 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കാലില്‍ വെടിവെച്ച് പിടികൂടി

ഡൽഹിയിലെ മെഹ്‌റോളിയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. തെളിവെടുപ്പിനിടെ പോലീസിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ബബ്ലുവിനെ പോലീസ് കാലിൽ വെടിവെച്ച് വീഴ്ത്തി പിടികൂടി. ഓൺലൈൻ ടാക്സി ഡ്രൈവറാണ് പിടിയിലായ ബബ്ലു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കൊടുംക്രൂരത അരങ്ങേറിയത്. മെഹ്‌റോളിയിൽ മാതാപിതാക്കൾക്കൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മെഹ്‌റോളിയിലെ വനപ്രദേശത്ത് ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.


പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബബ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച വനപ്രദേശത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പോലീസ് പ്രതിയുടെ കാലിലേക്ക് വെടിയുതിർത്തത്. വെടിവെയ്പ്പിൽ പരിക്കേറ്റ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

facebook twitter