സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കേളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ഇന്നുമുതല്‍. ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപി ബഹിഷ്കരിക്കുന്നതിനൊടൊപ്പം അധ്യാപന ജോലികളും ബഹിഷ്കരിക്കാനാണ് തീരുമാനം.
ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ.
ശമ്പള പരിഷ്കരണ കുടിശ്ശിക നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് സീലിംഗ് കേന്ദ്രനിരക്കില്‍ പരിഷ്കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക, മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഡി.എ. കുടിശ്ശിക നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.