അത്യപൂർവ്വങ്ങളിൽ അത്യപൂർവ്വമായ കേസാണിതെന്നും സമൂഹത്തിന് കൃത്യമായ സന്ദേശം നൽകാൻ പ്രതിക്ക് വധശിക്ഷ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ പ്രായവും മാനസികാരോഗ്യവും പരിഗണിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ തുടർച്ചയായി കുത്തുകയായിരുന്നു. ശരീരത്തിൽ 11-ഓളം ആഴത്തിലുള്ള കുത്തേറ്റ വന്ദന ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന പൊലീസുകാരെയും ഇയാൾ ആക്രമിച്ചിരുന്നു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കിടുവിൽ ആണ് ഇപ്പോൾ വിധി പ്രസ്താവിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും പൊതുസമൂഹത്തിനും ഏറെ നിർണായകമാണ് ഇന്നത്തെ കോടതി വിധി.