+

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണം; പരാതിയിൽ കേസ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്. വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അടുത്തകാലത്ത് മാത്രം നിർമ്മിക്കപ്പെട്ട ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് തങ്ങൾക്കെതിരെ മോശമായ പ്രചാരണം നടന്നത്. സാദിഖലി തങ്ങൾ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു എന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ടുകളും ആരോപണങ്ങളുമാണ് ഈ ഐഡിയിലൂടെ പങ്കുവെച്ചിരുന്നത്. എന്നാൽ, ഇത് തങ്ങളെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ വേണ്ടി നിർമ്മിച്ച വ്യാജ അക്കൗണ്ടാണെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


പാണക്കാട് തങ്ങളെ തേജോവധം ചെയ്യാനുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. "വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. കുറ്റവാളികളെ ഉടൻ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം," കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സൈബർ പോപൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

facebook twitter