രഹസ്യമായി കുഴിച്ചുമൂടിയത് സ്കൂൾ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹം; കേസ് തെളിയണമെങ്കിൽ ശുചീകരണ തൊഴിലാളി മൊഴി നൽകണമെന്ന് കർണാടക ആഭ്യന്തരമന്ത്രി

03:07 PM Jul 11, 2025 | വെബ് ടീം

ബെം​ഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ സ്കൂൾ കുട്ടികളായ പെൺകുട്ടികളുടെയും യുവതികളുടെയും അടക്കം നൂറോളം പേരുടെ മൃതദേഹം രഹസ്യമായി മറവു ചെയ്യാൻ നിർബന്ധിതനായെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുകയാണെന്നും ശുചീകരണ തൊഴിലാളി മൊഴി നൽകിയാൽ മാത്രമേ കേസ് തെളിയിക്കാൻ സാധിക്കുകയുള്ളൂവെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വര പറഞ്ഞു. 

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധർമ്മസ്ഥല പൊലീസാണ് ദുരൂഹ മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയപ്പെടുന്ന പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും. സംഭവത്തിൽ തെളിവുകൾ ഉൾപ്പെടെയാണ് ശുചീകരണ തൊഴിലാളിക്ക് വേണ്ടി അഭിഭാഷകർ പരാതി നൽകിയിരിക്കുന്നത്.പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇയാൾ വെളിപ്പെടുത്തിയിരിക്കുന്നത്. 1995 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ നൂറോളം പേരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും മറ്റുമാണ് കൊലപ്പെടുത്തിയത് ഇതിനെല്ലാം താൻ ദൃക്സാക്ഷി എന്നും അനുസരിച്ചില്ലെങ്കിൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് സൂപ്പർവൈസർമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുറ്റബോധം സഹിക്കവയ്യാതെയാണ് വെളിപ്പെടുത്തലെന്നുമാണ് പരാതിയിൽ പറയുന്നത്.മൃതദേഹങ്ങളിൽ പലതും ഡിസൽ ഒഴിച്ച് കത്തിച്ചുവെന്നും കോടതിയിൽ അഭിഭാഷകർ മുഖേന നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 2014-ൽ തൻ്റെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ലൈംഗികമായി പീഡിപ്പിച്ചപ്പോഴാണ് ഇയാൾ അവിടെ നിന്നും കുടുംബസമേതം രക്ഷപ്പെട്ടത്. സംഭവത്തിന് തെളിവായി അടുത്തിടെ ധർമ്മസ്ഥലയിൽ ഒരു മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് രഹസ്യമായി എത്തി മൃതദേഹം പുറത്തെടുത്തു. ഇതിൻറെ ഫോട്ടോയും ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമർപ്പിച്ചിട്ടുണ്ട്.


More News :