+

സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിയ്ക്ക് പവന് കൂടിയത് 2160 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.  ഗ്രാമിന് 270 രൂപ കൂടി 8,560 രൂപയായി. പവന് 2,160 രൂപ കൂടി 68,480 രൂപയിലേക്കാണ് എത്തിയത്.  അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനം കൂടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന് പിന്നാലെയാണ് സ്വര്‍ണ്ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്.


അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അതേസമയം സ്വര്‍ണ്ണവില വലിയതോതില്‍ കുറയുമെന്ന് പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത് സ്വര്‍ണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. 


ഇന്നലെ  520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിനു വര്‍ധിച്ചത് 2,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8,560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,050 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

facebook twitter