+

ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഹാൻ്റാ വൈറസ്

കോവിഡിന് പിന്നാലെ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഹന്താവൈറസ് പടരുന്നു. അർജന്റീനയിൽ നിന്നും കാനറി ദ്വീപുകളിലേക്ക് യാത്ര തിരിച്ച ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധയെത്തുടർന്ന് മൂന്ന് പേർ മരിച്ചു. രോഗബാധയേറ്റ അഞ്ചുപേരെ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്റാർട്ടിക്കയും ഫോക്ക്‌ലാൻഡ് ദ്വീപുകളും സന്ദർശിച്ച ശേഷമാണ് കപ്പൽ യാത്ര തുടർന്നത്. കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇടപെടുകയും ആവശ്യമായ ജാഗ്രതാനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.


1950-കളിൽ കൊറിയൻ യുദ്ധകാലത്ത് ഹന്താൻ നദിക്ക് സമീപമാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. എലികൾ, വവ്വാലുകൾ തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇവയുടെ മലമൂത്ര വിസർജ്യങ്ങളിലൂടെയോ ഉമിനീരിലൂടെയോ പുറത്തുവരുന്ന വൈറസ് കണങ്ങൾ വായുവിലൂടെ ശ്വസിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. വൈറസ് ബാധിച്ച എലികളുടെ കടിയേറ്റാലും രോഗമുണ്ടാകാം.

ശ്വാസകോശത്തെയും വൃക്കകളെയുമാണ് ഹന്താവൈറസ് പ്രധാനമായും ബാധിക്കുന്നത്. ഇതിന്റെ ഏറ്റവും അപകടകരമായ രൂപമാണ് 'ഹന്തോ പൾമണറി സിൻഡ്രോം'. 40 ശതമാനം വരെയാണ് ഈ രോഗത്തിന്റെ മരണനിരക്ക്.

  • തുടക്കത്തിൽ പനി, ശരീരവേദന.

  • പിന്നീട് ശ്വാസതടസ്സം, അമിത പേശീവേദന.

  • രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പ് ക്രമരഹിതമാകുക തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക് രോഗം നീങ്ങാം.

നിലവിൽ ഹന്താവൈറസിന് പ്രത്യേക വാക്സിനോ മരുന്നുകളോ ലഭ്യമല്ല. രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നൽകുക എന്നത് മാത്രമാണ് ഏക പോംവഴി. വീടുകളിലും പരിസരങ്ങളിലും എലികൾ പെരുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരിസര ശുചിത്വം പാലിക്കുകയാണ് ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം.

facebook twitter