ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

09:33 AM Jul 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കെ.കെ ഹർഷിന വീണ്ടും സമരങ്ങളിലേക്ക്. തനിക്ക് ലഭിക്കേണ്ട നീതി വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ ഹർഷിന വീണ്ടും പ്രതിഷേധത്തിന് ഇറങ്ങുന്നത്. 29ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന  ഏകദിന സത്യഗ്രഹ സമരം കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എട്ടുവർഷം മുമ്പ് ഉണ്ടായ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് ഹർഷിന. സർക്കാർ സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവായിരുന്നിട്ട് കൂടി നഷ്ടപരിഹാരം നൽകുകയോ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച നിയമ പോരാട്ടവും നടക്കുകയാണ്. അതിനിടെയാണ് വീണ്ടും ഹർഷിന സമരത്തിന് ഇറങ്ങുന്നത്.