+

സ്‌കൂള്‍ തുറന്നാല്‍ ഉടനെ പാഠപുസ്തകം തുറക്കേണ്ട; ആദ്യ രണ്ടാഴ്‌ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂള്‍ തുറന്ന ശേഷമുള്ള രണ്ടാഴ്ച പാഠപുസ്തകം തുറക്കേണ്ട എന്നാണ് തീരുമാനം. അതിനു പകരം കുട്ടികള്‍ ഇന്നത്തെ കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള പാഠങ്ങള്‍ ആയിരിക്കും പകര്‍ന്നു നല്‍കുക.

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍ ആദ്യ രണ്ടാഴ്‌ച പാഠപുസ്‌തക ക്ലാസുകള്‍ക്ക് പകരം ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്‌മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലീന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ധ്യാപകര്‍ക്ക് ഇതു സംബന്ധിച്ചു പരിശീലനം നല്‍കി വരികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ ജൂണ്‍ 2 മുതല്‍ രണ്ടാഴ്‌ച കാലവും ഹയര്‍ സെക്കന്‍ഡറിക്ക് ജുലൈ 18 മുതല്‍ ഒരാഴ്‌ചക്കാലവും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് പുറമേ പൊലീസ്, എക്സൈസ്, ബാലാവകാശ കമ്മീഷന്‍, സാമൂഹിക നീതി വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, എന്‍സിഇആര്‍ടി, കൈറ്റ്, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കും.ജൂണ്‍ രണ്ടിന് ആലപ്പുഴ, കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കാനിരിക്കുന്ന പ്രവേശനോത്സവത്തിന് മുന്‍പായി ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടര്‍മാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഉപജില്ലകളിലും ജില്ലാ തലത്തിലും പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്ത് ടൈം ടേബിള്‍ തയ്യാറാക്കിയാകണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രധാനാധ്യാപകന്‍ ഉറപ്പാക്കണം. ഇതിനായി പൊലീസിൻ്റെ സഹായം തേടാം. കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ചരക്ക് വാഹനങ്ങളുടെ നിയന്ത്രണം അധികാരികള്‍ ഉറപ്പു വരുത്തണം. സ്‌കൂളിലെ പാചകതൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം. സ്‌കൂള്‍ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പ്രധാനാധ്യാപകന്‍ ഉറപ്പാക്കണം. പ്രവേശനോത്സവത്തിന് മുന്‍പ് കെഎസ്ആര്‍ടിസി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ, കെഎസ്ഇബി, എക്സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടിക വര്‍ഗ വകുപ്പ്, വനം വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ തല യോഗങ്ങളും സംഘടിപ്പിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

More News :
facebook twitter