170 റൺസിന്റെ കൂറ്റൻ ജയം, അഫ്‌ഗാനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

09:45 PM Jun 17, 2026 | വെബ് ടീം

ലഖ്നൗ: രണ്ടാം ഏകദിനത്തിലെ കൂറ്റൻ ജയത്തോടെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ . മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ തുടരെ രണ്ടാം മത്സരവും ജയിച്ചാണ് 2-0 എന്ന അപരാജിത ലീഡ് ആതിഥേയർ കൈവരിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് ഓൾഔട്ടായി. അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 232 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് 170 റൺസ് ജയം.ഏകദിന ക്രിക്കറ്റിൽ തന്‍റെ ഒമ്പതാം സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രണ്ടാം സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. 79 റൺസെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാന്‍റെ ടോപ് സ്കോററായത്.

ഇന്ത്യക്കു വേണ്ടി അർഷ്‌ദീപ് സിങ്ങും ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പ്രിൻസ് യാദവിന് രണ്ട് വിക്കറ്റ് കിട്ടിയപ്പോൾ വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റ്.