മൂന്നാം ദിനം തന്നെ അഫ്ഗാനെ വീഴ്ത്തി ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം, ഏക ടെസ്റ്റിൽ ചരിത്ര ജയം ഇന്നിംഗ്സിനും 300 റണ്‍സിനും

04:03 PM Jun 08, 2026 | വെബ് ടീം

മുള്ളൻപൂര്‍: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോർഡ് ഇന്നിംഗ്സ് ജയം. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 564-8ന് മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായ അഫ്ഗാന്‍ രണ്ടാം ഇന്നിംഗ്സില്‍ 112 റണ്‍സിന് പുറത്തായി ഇന്നിംഗ്സിനും 300 റണ്‍സിനും തോറ്റു.

സ്‌കോർ- ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 8-ന് 564 ഡിക്ലയേഡ്; അഫ്ഗാനിസ്ഥാൻ 152 & 112. 

113-5 എന്ന നിലയില്‍ ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ 152 റണ്‍സിന് പുറത്തായി 412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയാണ് ഫോളോ ഓണ്‍ ചെയ്തത്.അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സില്‍ 35.5 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത ഓപ്പണര്‍ സെദിഖുള്ള അടല്‍ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് 24 റണ്‍സെടുത്തപ്പോള്‍ 13 റണ്‍സെടുത്ത റഹ്മത്ത് ഷാ മാത്രമാണ് പിന്നിട് അഫ്ഗാൻ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ 4 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 3 വിക്കറ്റെടുത്തു. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്.