ഇന്ത്യ അമേരിക്ക വ്യാപാരകരാര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു

11:41 AM Aug 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഇതിന്റെ ഭാഗമായി, ഈ മാസം ഇന്ത്യ സന്ദർശിക്കാനിരുന്ന യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.


നേരത്തെ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്ന അമേരിക്ക, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ പ്രതിഷേധിച്ച് 25 ശതമാനം അധിക തീരുവ കൂടി ചുമത്തിയിരുന്നു. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു. എന്നാൽ, വ്യാപാര കരാറുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇന്ത്യ. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉറപ്പുനൽകിയിരുന്നു.


ഈ മാസം 25-ന് നടക്കേണ്ടിയിരുന്ന ചർച്ചകൾ ഇതോടെ അനിശ്ചിതത്വത്തിലായി. കാർഷിക, ക്ഷീര, സമുദ്രോത്പന്നങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുണ്ടായിരുന്നു. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി പുതിയ തീയതി തീരുമാനിച്ചിട്ടില്ല. വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെടാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.