ഇടിക്കൂട്ടിൽ നിന്ന് ഇരട്ടസ്വർണവുമായി ഇന്ത്യ, പ്രീതി പവാറിനും ജയ്സ്മിന്‍ ലംബോരിയയ്ക്കും മെഡൽ

06:10 PM Aug 01, 2026 | വെബ് ടീം

ഗ്ലാസ്‌കോ:  കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 57 കിലോഗ്രാം ബോക്‌സിംഗില്‍ ജെയ്സ്മിന്‍ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാര്‍ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്‌കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകര്‍ത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്സ്മിന്‍ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.

പുരുഷൻമാരുടെ 55 കിലോ ബോക്സിങ്ങിൽ ജാദുമണി സിങ് വെള്ളി മെഡൽ നേടി. ഫൈനലിൽ ഓസ്ട്രേലിയയുടെ ജ്യേ ഡിക്സനോടാണ് ജാദുമണി സിങ് തോറ്റത്.

അതേ സമയം  പാരാ അത്‍ലറ്റിക്സ് ഷോട്ട്പുട്ടിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. എഫ് 57 ഷോട്ട് പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജയാൽ വെള്ളിയും നേടി.