+

റഫ അതിര്‍ത്തി ഭാഗികമായി തുറന്നു

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗാസയിലെ റഫ അതിര്‍ത്തി ഭാഗികമായി തുറന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ധാരണയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി. രണ്ട് വര്‍ഷം മുന്‍പ് ഇസ്രയേല്‍ ഗാസ യുദ്ധം തുടങ്ങിയപ്പോള്‍ അടച്ച അതിര്‍ത്തിയാണ് ഇപ്പോള്‍ ഭാഗികമായി തുറന്നിരിക്കുന്നത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. 


ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലന്‍സുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേര്‍ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിര്‍ത്തി നിരീക്ഷണം ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നാകും നിര്‍വഹിക്കുക. 

ആളുകള്‍ക്ക് പരിമിതമായി മാത്രമേ അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികള്‍ക്ക് അതിര്‍ത്തി കടക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.അതേസമയം, രാജ്യം വിടുന്നവര്‍ക്ക് ഗസ്സയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. 

രണ്ടരവര്‍ഷം നീണ്ട ഇസ്രായേല്‍ അധിനിവേശത്തിനിടെ തുരുത്തില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികള്‍ റഫ അതിര്‍ത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. രണ്ടു വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം ചെറിയ ഇടവേളയില്‍ രോഗികളെ കൊണ്ടുപോകാന്‍ മാത്രമാണ് റഫ അതിര്‍ത്തി തുറന്നിരുന്നത്.

More News :
facebook twitter