+

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കും. ആറുവേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം ജൂണ്‍ മൂന്നിനും നടക്കും. 


സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും ഐപിഎല്ലിന്റം എല്ലാ പ്രധാന പങ്കാളികളുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം, സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു. 

17 മത്സരങ്ങളാണ് സീസണില്‍ ഇനി നടക്കാനുള്ളത്.  ശനിയാഴ്ച പുനരാരംഭിക്കുന്ന പതിനെട്ടാം സീസണ്‍ ജൂണ്‍ 3 ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും. പുതുക്കിയ ഷെഡ്യൂളും ബിസിസിഐ പുറത്ത് വിട്ടു. ലീഗ് ഘട്ട മാച്ചുകളുടെ വേദികള്‍ മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച ബംഗളൂരുവും കൊല്‍ക്കത്തയും തമ്മില്‍ ബംഗളൂരുവില്‍ വച്ചായിരിക്കും ആദ്യ മത്സരം. 

നഷ്ടപ്പെട്ട ദിവസങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങള്‍ വീതം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പഞ്ചാബ് - രാജസ്ഥാന്‍, ഗുജറാത്ത് -ഡല്‍ഹി ടീമുകളായിരിക്കും മെയ് 18 ഞായറാഴ്ച നടക്കുന്ന ആദ്യ ഡബിള്‍ ഹെഡറില്‍ ഏറ്റുമുട്ടുക. മെയ് 27 ന് ഏകാനയില്‍ വച്ചായിരിക്കും ലീഗ് ഘട്ടത്തിലെ അവസാന മത്സരം. പ്ലേഓഫ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐയുടെ  ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

മെയ് 29 നും 30 നും യഥാക്രമം ക്വാളിഫയര്‍ 1 ഉം എലിമിനേറ്ററും നടക്കും, ജൂണ്‍ 1 ന് ക്വാളിഫയര്‍ 2 നടക്കും. ക്രിക്കറ്റിന്റെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കിയ ഇന്ത്യന്‍ സായുധ സേനയുടെ ധീരതയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നുവെന്നും ബിസിസിഐ  പ്രസ്താവനയില്‍ വ്യക്തമാക്കി.

facebook twitter