ടെഹ്റാൻ: ഇറാൻ റവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ യുഎസ്–ഇസ്രയേൽ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്ന് മണിക്കൂറികൾക്കു പിന്നാലെയാണ് നൈനി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ. അതിനിടെ, ഇസ്മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അനുശോചിച്ചു. ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്തബ ഖമനയി ആവശ്യപ്പെട്ടു. യുദ്ധം 21ാം ദിവസത്തിലേക്ക് കടക്കവേ, ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാൻ.ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത്. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ആക്രമണത്തിൽ ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്.