'ഉറക്കത്തിൽ നിന്ന് എണീറ്റപ്പോഴാണ്, പൊക്കമുള്ള ഒരാൾ ജീൻസും ജുബ്ബയും ഇട്ട് വലിയ സഞ്ചിയുമായി നടന്നങ്ങു പോകുന്നത് കണ്ടത്; ചോദിച്ചപ്പോൾ മരിച്ചുപോയെന്ന് പറഞ്ഞു; ആത്മാക്കളെ കണ്ടിട്ടു ഉണ്ടെന്ന് നടി ലെന

05:14 PM Aug 06, 2026 | വെബ് ടീം

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ലെന.കുറച്ചു നാളുകളായി ആത്മീയ പാതയിലാണ് നടി ലെന. ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ് എന്ന പുസ്തകവും ലെനയെഴുതി. ആത്മീയതയെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്.  ഇപ്പോൾ ലെന പറയുകയാണ് താൻ മരിച്ചുപോയ ആളുകളുടെ ആത്മാവിനെ കണ്ടിട്ടുണ്ടെന്ന്. ഒന്നിലേറെ തവണ താൻ അത്തരം രൂപങ്ങൾ കണ്ടിട്ടുണ്ടെന്നും നടി അവകാശപ്പെട്ടു. അത്തരത്തിൽ ഒരു അനുഭവവും അവർ പങ്കുവെച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

'നമുക്ക് തന്നെ ചില സമയത്ത് മുറിയിൽ സാന്നിധ്യം അനുഭവപ്പെടാം. പേടിയായതുകൊണ്ടാണ് അതിനോട് ആശയവിനിമയം നടത്താത്തത്. പലർക്കും വ്യക്തമായി ആത്മാക്കളെ കാണാം. ഞാൻ ആത്മാക്കൾ എന്നല്ല വിളിക്കുന്നത്. രൂപമുണ്ടായിരുന്ന ഒരാൾ മരിച്ചാൽ അവരുടെ എനർജി ഇംപ്രിന്റ് ഇവിടെനിന്ന് പോവാൻ കുറേ സമയം എടുക്കും', ആത്മാക്കളെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു.'ഇതിന്റെ കുറേ ഉദാഹരണങ്ങളും പുസ്തകങ്ങളുമുണ്ട്. പാര സൈക്കോളജി എന്ന ഫീൽഡിൽ വരുന്നതാണ് ഇത്. എല്ലാവർക്കും മനസിലാവണമെന്നില്ല. കാണാൻ കഴിയുന്ന ഒരുപാടുപേരുണ്ട്’, നടി പറഞ്ഞു.

തുടർന്ന് നടി സ്വന്തം അനുഭവങ്ങളിൽ ഒന്ന് പറഞ്ഞു. ‘മോഷൻ ഡിറ്റക്റ്റിങ് സി.സി.ടി.വിയിൽ ഹ്യൂമൻ ബോഡി ഡിറ്റക്റ്റഡ് എന്ന് കാണിച്ചു. എനിക്ക് കണ്ടിട്ട് ഒന്നും മനസിലായില്ല. നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. കാണാൻ കഴിയുന്ന സുഹൃത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അവർ എനിക്ക് സർക്കിൾ ചെയ്ത് തിരിച്ചു അയച്ചു തന്നു. ഫോട്ടോ കണ്ടപ്പോൾ എനിക്ക് വ്യക്തമായി കാണാം', നടി പറഞ്ഞു.

More News :

'ഒന്നു രണ്ടു വട്ടം ഞാൻ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന സമയത്ത്, ഉറക്കത്തിൽനിന്ന് എഴുന്നേറ്റപ്പോൾ ഉയരമുള്ള ഒരാൾ ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി നടന്നുപോകുന്നത് ഞാൻ കണ്ടു. ഞാൻ ഞെട്ടി. കിടന്നുറങ്ങുന്ന മുറിയിലൂടെ ഒരാൾ പോയോ എന്ന് തോന്നി നോക്കിയപ്പോൾ അപ്പുറത്ത് പോവാൻ ഒന്നുമില്ല, ജനലാണ്. ഞാൻ പുറത്തിറങ്ങി ചോദിച്ചു, ഇങ്ങനെ ജീൻസും ജുബ്ബയുമിട്ട് ഒരാൾ... അവർ അയാളുടെ പേര് പറഞ്ഞു. അത് അദ്ദേഹമാണെന്ന് പറഞ്ഞു. മരിച്ചുപോയിട്ട് കുറച്ചായി എന്ന് പറഞ്ഞു', നടി ഓർത്തെടുത്തു.

'കുറച്ചു നാൾ ആളുകളെ കാണാനുള്ള സിദ്ധി ഉണ്ടായിരുന്നു. അത് ലഭിച്ച ഉടനെ തന്നെ ഞാൻ വേണ്ടെന്ന് വെച്ചു. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്', ലെന കൂട്ടിച്ചേർത്തു.