+

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് നിര്‍ണ്ണായക നീക്കം നടത്താൻ തയ്യാറാണെന്ന് സൗദിയിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ജേക്കബ് ചെറുവള്ളില്‍ കേരളവിഷൻ ന്യൂസിനോട്

റിയാദ്: യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെ അടിയന്തരമായി മൂന്ന് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നാണ് ഇന്ത്യ-ഇസ്രയേല്‍-യുഎഇ-അമേരിക്ക ഗ്ലോബല്‍ കണ്‍സോ‍ര്‍ഷ്യത്തിൻ്റെ ചെയര്‍മാൻ കൂടിയായ ജേക്കബ് ചെറുവള്ളി കേരളവിഷൻ ന്യൂസിനോട് പറഞ്ഞു.

വധശിക്ഷ ഒഴിവാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിന് ആവശ്യമായ ദയാധനം ജൂലൈ 16ന് മുമ്പ് നല്കാമെന്നും സൂചിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരും നിമിഷപ്രിയയുടെ ബന്ധുക്കളും സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി അടിയന്തര മാപ്പപേക്ഷ നല്കണം. ഗോത്രസമുദായങ്ങള്‍ക്ക് അധികാരമുള്ള യെമനില്‍ ഈ അപേക്ഷ സവിശേഷാധികാരമുള്ള ഹൂതികളുടെ തലവൻ്റെ ശ്രദ്ധയില്‍ പെടുത്താന്‍ തനിക്ക് സാധിക്കുമെന്നാണ് ജേക്കബ് ചെറുവള്ളില്‍ പറയുന്നത്. മാപ്പപേക്ഷയും ദയാധനവും ആരെയാണ് ഏല്പിക്കേണ്ടതെന്നത് അടക്കമുള്ള കാര്യങ്ങൾ സൗദിയില്‍ വച്ച് ഇരുപക്ഷവുമായി ചര്‍ച്ച നടത്താനുള്ള അവസരം ഒരുക്കാന്‍ താൻ തയ്യാറാണെന്നും ജേക്കബ് ചെറുവള്ളില്‍ പറഞ്ഞു.

കഴിഞ്ഞ 55 വര്‍ഷമായി സൗദിയില്‍ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും എണ്ണക്കമ്പനികളുടെയും നിര്‍മ്മാണക്കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി ജേക്കബ് ചെറുവള്ളില്‍. ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു കമ്പനിക്ക് യെമനില്‍ ഒരു പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിയുക്തനായപ്പോഴാണ് നിമിഷപ്രിയയുടെ കാര്യം യെമനിലെ തന്നെ അധികാരികള്‍ തൻ്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് ജേക്കബ് ചെറുവള്ളില്‍ പറഞ്ഞു.   നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിക്കിട്ടുന്നതിന് ഇതുവരെയും, കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ദയാധനത്തിൻ്റെ കാര്യത്തില്‍ സംയുക്തമായ ഉറപ്പ് കിട്ടിയാല്‍ ഇടപെടാമെന്നാണ് ജേക്കബ് ചെറുവള്ളില്‍ പറയുന്നത്. എന്നാല്‍ ജൂലൈ 16ന് മുമ്പ് ഇക്കാര്യത്തില്‍ അടിയന്തര നീക്കം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.



facebook twitter