+

ഫോൺ അടിച്ചുപോയതല്ല; ജിയോ നെറ്റ്‌വര്‍ക്ക് തടസപ്പെടാന്‍ കാരണമിത്; സമാന്തര സംവിധാനത്തിലൂടെ തകരാർ പരിഹരിച്ചെന്ന് റിപ്പോർട്ട്

കൊച്ചി: ജിയോയുടെ കോൾ,ഇന്റർനെറ്റ് പ്രവർത്തനരഹിതമായതായി വ്യാപക പരാതികൾ ആണ് ഇന്നുണ്ടായത്.  കേരളത്തിന് പുറത്ത് ഫൈബർ വിച്ഛേദിക്കപ്പെട്ടതാണ് സേവനം തടസ്സപ്പെടാൻ കാരണമെന്ന് ജിയോ അറിയിച്ചു. അതേ സമയം  സമാന്തര സംവിധാനത്തിലൂടെ ജിയോ നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടെന്ന പരാതികൾ വന്നത്. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങളിൽ തടസം നേരിട്ടതായി നിരവധി ഉപഭോക്താക്കൾ ഡൗണ്‍ഡിറ്റക്റ്ററിൽ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വർക്ക് ഡൗണായതായി എക്‌സിൽ നിരവധിയാളുകൾ പോസ്റ്റ് ചെയ്തിരുന്നു.നിമിഷങ്ങൾക്കുളളിൽ ഏഴായിരത്തിലേറെ പരാതികളാണ് ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സേവനങ്ങൾ പഴയ രീതിയിലായത്. ജിയോയുടെ മൊബൈൽ ഇന്റർനെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതൽ ഉപഭോക്താക്കളുടെയും പരാതി. മൊബൈൽ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്.


facebook twitter