ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂരമർദനം; അഡ്വ. ബെയ്ലിൻ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കൽ നോട്ടീസ്;സംഭവം ഗൗരവമേറിയത്; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് നിയമമന്ത്രി പി.രാജീവ്

06:54 PM May 14, 2025 | വെബ് ടീം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരെ ബാർ കൗൺസിൽ നടപടി. അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്.ബെയ്‌ലിന്‍ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും.

ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്ത് പ്രതികരിച്ചു.അഭിഭാഷകയായ ശാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി ആക്രമിച്ചിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതി ഒളിവിലാണ്. മർദ്ദനത്തിൽ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശമാലി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

അതേ സമയം  യുവ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ച സംഭവം ഗൗരവമേറിയതാണെന്നു നിയമമന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണുണ്ടായതെന്നും ഇതു നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ശ്യാമിലിയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിച്ചെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരത്തില്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരണമെന്നു മന്ത്രി പറഞ്ഞു.

More News :