ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്, സുപ്രീംകോടതിയുടെ സുപ്രധാന വിധികളിലെല്ലാം മുഴങ്ങിക്കേട്ട പേര്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.
ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്. മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ് ബോംബെ ഹൈക്കോടതിയില്‍ നിന്നാണ് തന്റെ അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്.
16 വര്‍ഷത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019ലാണ് സുപ്രീംകോടതി ജഡ്ജിയായത്. എ എ പി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യം, 2016-ലെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് എന്നീ കേസുകളിലെല്ലാം അദ്ദേഹം വിധിയെഴുതിയിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ബിആര്‍ ഗവായ്.