കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന യോഗ്യത പരീക്ഷയായ കീം പരീക്ഷ ഫലം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. പരീക്ഷ ഫലം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആവശ്യം. ഇന്നലെയാണ് കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. അവസാന നിമിഷത്തില്‍ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.