എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് എംപിമാരുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കർശന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കെ. സുധാകരന് പുറമെ മറ്റ് എംപിമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
രണ്ടാം ഘട്ട പട്ടികയിലെ പ്രധാന സീറ്റുകളിൽ നിലവിൽ ധാരണയായിട്ടുണ്ട്. കൊച്ചിയിൽ മുഹമ്മദ് ഷിയാസും, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും, കായംകുളത്ത് എം ലിജുവും സ്ഥാനാർത്ഥികളായേക്കും. അതേസമയം, പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ പ്രാഥമിക ധാരണ.
അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. ഈ സീറ്റുകളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് അന്തിമ തീരുമാനമെടുക്കും. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽ ഉയർന്നു വന്നേക്കാവുന്ന പ്രതിഷേധങ്ങളും വിഷമങ്ങളും പരിഗണിക്കുമെന്നും എല്ലാവരെയും ചേർത്തുപിടിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തതോടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സജീവമായി കടക്കാനാണ് കോൺഗ്രസ് നീക്കം.