+

മൂന്നിലാര് മുഖ്യനാകും ? ഇന്ന് ഹൈക്കമാൻ്റിന് റിപ്പോർട്ട് നൽകും

കേരളത്തിൽ യുഡിഎഫ് വലിയ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. തങ്ങളുടെ പ്രിയ നേതാവിനായി അണികൾ സംസ്ഥാനത്തുടനീളം ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. "നാടിനെ നയിച്ചവൻ നാട് നയിക്കട്ടെ" എന്ന ടാഗ്‌ലൈനോടെ വി.ഡി. സതീശന്റെയും, "വി വാണ്ട് കെ.സി" എന്ന ആഹ്വാനവുമായി കെ.സി. വേണുഗോപാലിന്റെയും പോസ്റ്ററുകൾ വ്യാപകമാണ്.


ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. എന്നാൽ 20-ലധികം എംഎൽഎമാരുടെ പിന്തുണ ചെന്നിത്തലയ്ക്കുണ്ടെന്ന് അദ്ദേഹത്തിന്റെ വിഭാഗവും പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രവർത്തനം സതീശന് മുൻതൂക്കം നൽകുന്നുവെന്ന് മറ്റൊരു വിഭാഗം കരുതുന്നു. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണ സതീശനാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.


അന്തിമ തീരുമാനത്തിനായി മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും. ഞായറാഴ്ചയോടെ കേരളം ആര് ഭരിക്കും എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് നേതാക്കൾ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.

facebook twitter