KERALA GOLD RATE | സ്വർണവില രണ്ട് തവണയായി കുത്തനെ കുറഞ്ഞു

04:01 PM Apr 02, 2026 | വെബ് ടീം

ഇറാൻ യുദ്ധം തീരുമോ തുടരുമോ എന്നതിൽ അനിശ്ചിതത്വം തുടരവേ ഇന്ന് സംസ്ഥാനത്ത്  രണ്ട് തവണയാണ് സ്വർണ വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിനു  കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.

ഇന്നലെ ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ഇന്ന് കളംമാറ്റിച്ചവിട്ടിയതോടെയാണ് ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞത്. ​സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിവ്.

യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും അവകാശപ്പെട്ട അദ്ദേഹം യുദ്ധം എന്ന് നിർത്തുമെന്ന് വ്യക്തമാക്കിയില്ല.ഇന്നലെ, സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ പിന്മാറുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ഡോളറായിരുന്നു. 2.08 ശതമാനമാണ് വർധിച്ചത്. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപയാണ് ഇന്നലെ പവന് കൂടിയത്. 1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർധിച്ച് 1,11,080 രൂപയും ആയി. വൈകീട്ട് വീണ്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു ഇന്നലത്തെ വില.