അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

11:02 AM Aug 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

 

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. വിധിയിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമാണ് സർക്കാർ പ്രധാനമായും ഉന്നയിക്കുക.


വിജിലൻസ് കോടതിയുടെ വിധിയിലെ പരാമർശങ്ങൾ നിലനിന്നാൽ ഭാവിയിൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. എഡിജിപി അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ അത് നിയമപരമായി സർക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.


സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനും മുഖ്യമന്ത്രിക്കുമാണെന്നിരിക്കെ, കോടതിയുടെ പരാമർശം അപ്രസക്തമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.