+

ചുട്ടുപൊള്ളി കേരളം... 12 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽചൂട് അതിശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് (Yellow Alert) പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.


സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) വികിരണത്തോത് ആശങ്കാജനകമായ രീതിയിൽ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. വികിരണത്തോത് കൂടുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


അൾട്രാവയലറ്റ് വികിരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. സൂര്യാതാപം, ചർമ്മത്തിൽ തടിപ്പുകൾ, കണ്ണിന് അസ്വസ്ഥത എന്നിവ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. നിർജ്ജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.


കടുത്ത ചൂട് പരിഗണിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവർക്കായി സർക്കാർ ജോലി സമയം പുനഃക്രമീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. തിരഞ്ഞെടുപ്പ് കാലമായതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ കടുത്ത ചൂടിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങളും ജാഥകളും ക്രമീകരിക്കുമ്പോൾ തണലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

facebook twitter