+

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 കാരി ജീവനൊടുക്കിയ സംഭവം: കൂടുതൽ അന്വേഷണത്തിന് പൊലീസ്

എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ 21 വയസ്സുകാരിയായ ആയിഷ റഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുന്നു. കേസിൽ റിമാൻഡിലായ യുവതിയുടെ ആൺസുഹൃത്ത് ബഷീറുദ്ദീൻ മഹ്മൂദ് അഹമ്മദിനെ ഓണം അവധിക്ക് ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ദക്കാവു പൊലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.


ഓണാഘോഷത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഷീറുദ്ദീനുമായി തർക്കമുണ്ടായിരുന്നുവെന്നും, താൻ പുറത്തുപോകുന്നതിന് ആയിഷ എതിർപ്പ് പ്രകടിപ്പിച്ചുവെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.


ബഷീറുദ്ദീൻ ആയിഷയെ ബ്ലാക്ക്മെയിൽ ചെയ്തോ എന്നും, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചുവോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. ഒന്നിലധികം പേരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തുന്ന ബ്ലാക്ക്മെയിലിംഗ് നടന്നു എന്ന ആരോപണവും പൊലീസിന് മുന്നിലുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ മൊഴികൾ ബന്ധുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും പോലീസ് രേഖപ്പെടുത്തും.


രണ്ട് മൂന്ന് വർഷത്തെ പരിചയമാണ് ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ബഷീറുദ്ദീൻ ജിം ട്രെയിനറായിരുന്നു. മംഗലാപുരത്തുനിന്നും ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ റഷയുടെ വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീന്റെ വാടക വീട്ടിൽ മൂന്ന് ദിവസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


നിലവിൽ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും അന്വേഷണവും നടത്താനാണ് പോലീസിന്റെ തീരുമാനം.

facebook twitter