മൂന്നിടത്ത് LDF സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, കാസർഗോഡ് ഷാനവാസ് പാദൂര്‍, താനൂര്‍ മുഹമ്മദ് സമീര്‍, വള്ളിക്കുന്ന് സി.പി.മുസ്തഫ

03:37 PM Mar 21, 2026 | വെബ് ടീം

മൂന്നിടത്ത് LDF സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കാസർഗോഡ് ഷാനവാസ് പാദൂര്‍, താനൂര്‍ മുഹമ്മദ് സമീര്‍, വള്ളിക്കുന്ന് സി.പി.മുസ്തഫ. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും യുവജന നേതാവുമായ  ഷാനവാസ് പാദൂരാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. 2020ലെ ജില്ല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച്‌ ചെങ്കള ഡിവിഷനിൽ അട്ടിമറി വിജയം നേടിയ കരുത്തിൽ ഷാനവാസ് ‌പാദൂർ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായത്.നിലവിൽ ചട്ടഞ്ചാൽ കോ– ഓപ്പറേറ്റീവ് ‌ അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ്‌ പാലിയേറ്റീവ്‌ ഫോറം ജില്ലാപ്രസിഡന്റുമാണ്‌. പ്രീഡിഗ്രി വരെ വിദ്യാഭ്യാസം. മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ഷാനവാസ്. ഉമ്മ: ജമീല. ഭാര്യ: സുമയ്യ ബീവി. വിദ്യാർഥികളായ സഫ, ഫുദൈർ അഹമ്മദ്‌, ഫസ ഇബ്രാഹിം എന്നിവർ മക്കൾ.

ഒഴൂർ പഞ്ചായത്തിലെ പുൽപറമ്പ് സ്വദേശിയായ ടി മുഹമ്മദ് സമീർ ജീവകാരുണ്യ പ്രവർത്തകനാണ്. വി അബ്ദുറഹ്മാനിലൂടെ വിജയക്കൊടി പാറിച്ച എൽഡിഎഫ്, ചരിത്രം ആവർത്തിക്കാനുള്ള നീക്കത്തിലാണ്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ 2016ൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കാണ് വി അബ്ദുറഹിമാൻ പരാജയപ്പെടുത്തിയത്.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നാഷണൽ ലീ​ഗ് പിന്തുണയ്ക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. സി പി മുസ്തഫയെ പ്രഖ്യാപിച്ചു. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്.

More News :

തിരൂരങ്ങാടി ഒറിയൻ്റൽ ഹൈസ്കൂൾ അലുംമിനി പ്രസിഡൻ്റായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്റെ സജീവ പ്രവർത്തകനാണ്. വെളിമുക്ക് വി ജെ പള്ളി സ്കൂളിൻ്റെയും തിരൂരങ്ങാടി ഓറിയൻ്റൽ ഹൈസ്കൂളിൻ്റെയും പി ടി എ പ്രസിഡണ്ടായിരുന്നു. ജനകീയാസൂത്രണ- സാക്ഷരതാ കാമ്പയിനുകളുടെ കീ റിസോഴ്സ് പേഴ്സണനായിരുന്നു. പുത്തൻ പള്ളി മഖാമിൻ്റെ വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.