നാടിന്റെ അടുക്കളകളിൽ എരിയുന്ന കനലുകൾ കെടാതെ സൂക്ഷിക്കാൻ കൊടുംചൂടിലും പെരുമഴയത്തും ഓടിനടക്കുന്ന പാചകവാതക വിതരണ തൊഴിലാളികൾ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി പരാതി. സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെ, അമിത ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ് ഈ വിഭാഗം തൊഴിലാളികൾ. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്യാസ് ഏജൻസികളിലെ തൊഴിലാളികളാണ് തങ്ങൾ നേരിടുന്ന ദുരിതങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
പല ഏജൻസികളിലും തൊഴിലാളികൾക്ക് കൃത്യമായ മാസശമ്പളം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഓരോ സിലിണ്ടർ വിതരണം ചെയ്യുമ്പോഴും ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് ഇവരുടെ ഏക വരുമാനം. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും ഓവർടൈം ആനുകൂല്യങ്ങളോ ഇപിഎഫ് ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളോ ഇവർക്ക് അന്യമാണ്. ഏകദേശം 30 കിലോയോളം ഭാരമുള്ള സിലിണ്ടറുകൾ തോളിലേറ്റി ഫ്ലാറ്റുകളുടെയും വീടുകളുടെയും പടികൾ കയറിയിറങ്ങുന്നത് തൊഴിലാളികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. കടുത്ത നടുവേദനയും മറ്റ് അസ്ഥിരോഗങ്ങളും ഇവരെ അലട്ടുന്നുണ്ടെങ്കിലും ചികിത്സാ പരിരക്ഷയോ ഇൻഷുറൻസോ നൽകാൻ ഏജൻസികൾ തയ്യാറാകുന്നില്ല.
സിലിണ്ടർ വിതരണം സുതാര്യമാക്കാൻ കമ്പനികൾ കൊണ്ടുവന്ന ഡിജിറ്റൽ ഒടിപി (OTP) സംവിധാനം തൊഴിലാളികൾക്ക് അധിക ബാധ്യതയായിരിക്കുകയാണ്. പലപ്പോഴും ഉപഭോക്താക്കളുടെ ഫോണിൽ ഒടിപി ലഭിക്കാത്തതും നെറ്റ്വർക്ക് റേഞ്ച് ഇല്ലാത്തതും കാരണം ഓരോ വീട്ടിലും 10 മുതൽ 15 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടി വരുന്നു. ഇത് വിതരണ സമയം നീളുന്നതിനും ജോലിഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉപഭോക്താക്കൾ തെറ്റായ ഒടിപി നൽകുന്നതും അതുമൂലം ഉണ്ടാകുന്ന തർക്കങ്ങളും തൊഴിലാളികളെ വലിയ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്.
നിശ്ചിത ടാർഗറ്റ് പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഉപഭോക്താക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന മോശം പെരുമാറ്റവും തങ്ങളെ തളർത്തുന്നതായി തൊഴിലാളികൾ വ്യക്തമാക്കുന്നു. ജോലിഭാരത്തിന് അനുസരിച്ചുള്ള ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഉറപ്പാക്കാൻ തൊഴിൽ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. അനുകൂലമായ തൊഴിൽ സാഹചര്യവും അർഹമായ വേതനവും ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.