ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ട് സുധാകരൻ തൻ്റെ നിലപാട് വ്യക്തമാക്കും. തന്നോടൊപ്പം നിൽക്കുന്ന കണ്ണൂരിലെ അനുയായികളുമായും ഡിസിസി ഭാരവാഹികളുമായും അദ്ദേഹം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഹൈക്കമാൻഡ് തീരുമാനം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും, തനിക്ക് തൻ്റേതായ വഴിയുണ്ടെന്നുമാണ് സുധാകരൻ്റെ നിലപാട്.
കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാനോ അതല്ലെങ്കിൽ കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടാനോ ഉള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സുധാകരൻ പാർട്ടി വിടുകയാണെങ്കിൽ കണ്ണൂർ കോൺഗ്രസിൽ വലിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പം പോകാൻ സാധ്യതയുണ്ട്. ഇത് യുഡിഎഫിന് വലിയ തിരിച്ചടിയാകും.
സുധാകരൻ ബിജെപിയുമായി ധാരണയിലെത്തിയേക്കുമെന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. സിപിഎമ്മിനെ പരാജയപ്പെടുത്താൻ ഏതറ്റം വരെയും പോകുന്ന സുധാകരൻ്റെ ശൈലി വെച്ച് നോക്കുമ്പോൾ ഇത്തരം നീക്കങ്ങൾ തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ 12 മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തോടെ മാത്രമേ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ പോകുന്ന ഈ നീക്കങ്ങളിൽ വ്യക്തത വരികയുള്ളൂ.