നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു

09:37 AM Mar 26, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിലെ കുടുംബവീട്ടിൽ നടക്കും.

മലയാള സിനിമയിലെയും നാടകരംഗത്തെയും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, അറുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1981-ൽ പുറത്തിറങ്ങിയ 'ഗ്രീഷ്മം' ആണ് ആദ്യ ചിത്രം. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.


More News :

ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ (NSD), പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. അഭിനയത്തോടൊപ്പം നാടക സംവിധാനത്തിലും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


പ്രശസ്ത നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ്. നാടകാചാര്യൻ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി പ്രവർത്തിച്ചുവരികയായിരുന്നു. തൃശൂർ സ്വദേശിയായ രാജേന്ദ്രൻ വിവാഹശേഷമാണ് കൊല്ലത്ത് താമസം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ-നാടക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.