ഷാർജ: മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്‍റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖർ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
ദുബൈയിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷന്‍റെ ഭാര്യയാണ്. ഏകമകൾ ആരാധ്യ നാട്ടിൽ പഠിക്കുന്നു. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്.അതുല്യയുടെ സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്തായാണ് താമസിക്കുന്നത്. ചേച്ചിയുടെ മാനസിക പ്രയാസങ്ങൾ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഷാർജയിൽ മലയാളിയായ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തിരുന്നു.