ഏപ്രില്‍ ആദ്യ വാരത്തിലാണ് എവറസ്റ്റ് ലക്ഷ്യമാക്കി ശ്രീഷ യാത്ര ആരംഭിച്ചത്. 5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25-ന് പൂര്‍ത്തിയാക്കി. മെയ് പതിനഞ്ചിനാണ് എവറസ്റ്റ് ആരോഹണം തുടങ്ങിയത്, 6400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് രണ്ടും 7100 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് മൂന്നും പിന്നിട്ടു. മെയ് പത്തൊമ്പതിന് 7920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് നാലിലേക്കുള്ള യാത്ര. തുടര്‍ന്ന് എവറസ്റ്റിന്റെ ഉയരങ്ങള്‍ ശ്രീഷ നടന്നുകയറി. പതിനൊന്ന് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഹിമക്കാറ്റിനെയും പ്രതിരോധിച്ച് മേയ് 20-ന് രാവിലെ 10.30-ന് ശ്രീഷ രവീന്ദ്രന്റെ കാല്പാടുകള് എവറസ്റ്റിന്റെ മുകളില്‍ പതിഞ്ഞു.
അച്ഛന് സി. രവീന്ദ്രന്റെ കൈപിടിച്ചാണ് പതിനഞ്ചാം വയസില്‍ ശ്രീഷ കുന്നുംമലയും കയറി തുടങ്ങിയത്. പിന്നീടങ്ങോട്ട് ശ്രീഷക്ക് പര്‍വതങ്ങളോട് പ്രണയമായി. ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15-ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കി. ലോകത്തിലെ വലിയ 15-ഓളം കൊടുമുടികള്‍ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രന്. ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും നല്കുന്ന കാര്യമാണ് മലകയറ്റമെന്നും കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ അതിലേക്കുള്ള യാത്രയാണ് വലുതെന്നും ശ്രീഷ്മ പറയുന്നു.
ബെംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തയ്ക്വാന്‍ഡോ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് 12 വയസുകാരന് നിരഞ്ജനാണ് മകന്. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പര്‍വതാരോഹണത്തിന്റെ ആവേശവും ഒന്നായി കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നുണ്ട്.